2018 ൽ നീലക്കുറിഞ്ഞികൾ നീലാകാശത്തുനിന്നെന്നോണം പൂത്തിറങ്ങിയ കാലത്ത് പതഞ്ഞിളകുന്ന പൂങ്കടൽത്തിരകൾ കാണാൻ ഇന്നാട്ടിൽ നിന്നും പരദേശങ്ങളിൽ നിന്നുമായി പതിനായിരങ്ങളാണ് മൂന്നാറിലേക്കും സമീപപ്രദേശങ്ങളിലേക്കും ഒഴുകിയെത്തിയത്. മലനിരകളിലാകെ നീലച്ഛവി പകർന്നു പൂങ്കാറ്റിൽ ഇളകിയാടിയ പുഷ്പവസന്തം നിർന്നിമേഷരായി കണ്ണകകളിലാവഹിച്ചവരിലെ സ്മരണകളിലതിന്നും നിറഞ്ഞുനിൽക്കുന്നുണ്ടാവണം. ആ കാഴ്ചകൾക്ക് അൽഭുതകരമായ അപൂർവ്വചാരുതയായിരുന്നു. പശ്ചിമഘട്ടത്തിൽ താണും കയറിയും നിൽക്കുന്ന
അടുത്തിടെ പുറത്തിറങ്ങിയ 'നീലക്കുറിഞ്ഞിയും തോഴിമാരും' എന്ന പുസ്തകം വായിച്ചപ്പോഴാണ് കുറിഞ്ഞിമാഹാത്മ്യം വീണ്ടും ഓർത്തെടുത്തത്. പശ്ചിമഘട്ടത്തിലെ അപൂർവ്വങ്ങളും സാധാരണമായതുമായ കുറിഞ്ഞികളെ അവയുടെ തനത് ആവാസങ്ങളിൽ നേരിട്ടെത്തി നിരീക്ഷിച്ചതും പഠിച്ചതുമായ അനുഭവങ്ങൾ മികച്ച പരായണക്ഷമതയോടെ വിവരിക്കുകയാണിതിൽ. ഒപ്പം മറ്റെല്ലാ സസ്യങ്ങളുടെയും ഭൂപ്രകൃതിയുടെയും വിവരങ്ങളും രസകരമായി ഇതിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ പുസ്തകത്തിന് നൽകിയിരിക്കുന്ന 'പ്രകൃതിപഠനയാത്ര'യെന്ന ഉപതലക്കെട്ട് തികച്ചും അന്വർത്ഥമാവുന്നു. ഇന്ത്യയിലാകെ അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞനാണ് ഡോ. ജോമി അഗസ്റ്റിൻ. പാലാ സെന്റ്തോമസ് കോളേജിലെ സസ്യശാസ്ത്രാധ്യാപകനായിരുന്ന ജോമി അഗസ്റ്റിൻ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി കുറിഞ്ഞിയുടെ പിന്നാലെകൂടി പഠനവും ഗവേഷണവും നടത്തുന്ന വ്യക്തിയാണ്. പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമായി മലനിരകളിലെല്ലാം കയറിയിറങ്ങി കുറിഞ്ഞികളെ തേടിയലഞ്ഞ അദ്ദേഹം പുതുതായി ചില കുറിഞ്ഞിവർഗങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയിട്ടുമുണ്ട്. സഹഗവേഷകരായ ശിഷ്യൻമാർ പുതുതായി കണ്ടെത്തിയ ഒരു കുറിഞ്ഞിച്ചെടിക്ക് ആ തപസ്യക്കുള്ള ആദരവെന്നോണം ജോമിക്കുറിഞ്ഞി (Strobilanthes jomyi) എന്ന പേരും നൽകിയിട്ടുണ്ട്.
ചോലക്കാടുകളും പുൽമേടുകളും അപൂർവ്വമായ ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽക്കാണാവുന്ന അപൂർവ്വങ്ങളായ ഓർക്കിഡുകളും വള്ളിച്ചെടികളും പൂക്കളും പറവകളും പൂമ്പാറ്റകളും തുമ്പികളും ഒട്ടനവധിയാണ്. പലതും ലോകത്ത് മറ്റൊരിടത്തും കാണാത്ത തരത്തിൽ തദ്ദേശ്യവും. സസ്യകുതുകികളും ജന്തുകുതുകികളും അവയുടെ പിന്നാലെകൂടി വൈവിധ്യങ്ങളെയും വൈചിത്ര്യങ്ങളെയും പഠിക്കാനും മറ്റുള്ളവരെയറിയിക്കാനും നിരന്തരം ശ്രമിക്കുന്നു. അക്കാദമിക ഗവേഷകരും സാധാരണക്കാരും ഒക്കെയുണ്ട് ഇക്കൂട്ടത്തിൽ. പുസ്തകങ്ങളിലൂടെയുള്ള പഠനത്തിനപ്പുറം കാടും മേടും താണ്ടി നേരിട്ട് കണ്ടും അറിഞ്ഞും പഠിക്കുന്നതിന്റെയും പിൻതുടരുന്നതിന്റെയും ആവേശം നിറഞ്ഞവരാണവരിൽ നല്ലൊരു പങ്കും. ജീവിതം തന്നെ പഠന-മനനങ്ങൾക്കായ് മാറ്റിവെച്ചവർ ഒട്ടനേകം. ഒരു ജീവിവർഗ്ഗത്തെ അടുത്തൊന്നു പരിചയപ്പെടാൻ തന്നെ ഒരു ജൻമം മതിയാകാത്ത അവസ്ഥ. പുരാതനകാലത്തു തുടങ്ങിയ അന്വേഷണം മാനവനുള്ള കാലത്തോളം തുടരുമെന്നത് സ്വാഭാവികം.
ഇടുക്കിയിൽ പരക്കെ പന്ത്രണ്ടുവർഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞി (Strobilanthes kunthianus) സസ്യശാസ്ത്രത്തിന് അക്കാന്തേസീ സസ്യകുടുംബത്തിലെ അംഗമാണ്. നീലക്കുറിഞ്ഞി കൂടാതെ അമ്പതിൽപ്പരം കുറിഞ്ഞിയിനങ്ങളാണ് സാമാന്യം വലിയതോതിലും ചെറിയതോതിലും പശ്ചിമഘട്ടത്തിന്റെ വ്യത്യസ്തങ്ങളായ ആവാസങ്ങളിൽ പലകാലങ്ങളിലായി വസന്തം പടർത്തുന്നത്. മേട്ടുക്കുറിഞ്ഞിയും പാറക്കുറിഞ്ഞിയും പൂമാലക്കുറിഞ്ഞിയും കരിങ്കുറിഞ്ഞിയും തുടങ്ങി പശ്ചിമഘട്ടത്തിലെ കുറിഞ്ഞിയിനങ്ങളുടെ വൈവിധ്യം കൗതുകകരമാണ്. പൂക്കളില്ലാത്ത അവസരങ്ങളിൽ കുറിഞ്ഞികളെ തിരിച്ചറിയുകയെന്നതു ഒട്ടും എളുപ്പമല്ല. ചിലത് പതിനാറുകൊല്ലത്തിലൊരിക്കൽ പൂക്കുമ്പോൾ മറ്റു ചിലവ എല്ലാവർഷവും പൂക്കുന്നു. അഞ്ചുകൊല്ലക്കാരും എട്ട് കൊല്ലക്കാരും പന്ത്രണ്ട് കൊല്ലക്കാരും പതിനാറ് കൊല്ലക്കാരും ഒക്കെ ഇക്കൂട്ടരിലുണ്ടത്രെ. അതുകൊണ്ടുതന്നെ പൂക്കാലമെത്തുന്നിടത്തോളം കാത്തുനിന്നാൽ മാത്രമേ യഥാർത്ഥ ജനുസ്സേതെന്ന് ഉറപ്പിക്കാനാവൂ. ഒരുമിച്ചു പൂക്കുകയും പൂത്തുകഴിഞ്ഞ് ഒന്നടങ്കം നശിച്ചുപോവുകയുംചെയ്യുന്നത് അവരുടെ പൊതുസ്വഭാവം. വിദൂരവും വ്യത്യസ്തവുമായ പ്രദേശങ്ങളിലുള്ള ഒരേയിനങ്ങൾ ചിലപ്പോൾ അപവാദമെന്നോണം കാലം തെറ്റിപൂക്കാറുമുണ്ട്. മിക്ക കുറിഞ്ഞികളും ആയിരം മീറ്ററിനു മുകളിലുള്ള പ്രദേശങ്ങളെ ആവാസമാക്കുമ്പോൾ, ചിലർ സാധാരണയായി എല്ലായിടത്തും ധാരാളമായിക്കാണുന്നു. പുക്കളുടെ നിറത്തിലുമുണ്ട് വൈവിധ്യം. ഏറെയും നീലയും അതോടുചേർന്ന നിറങ്ങളിലും മലനിരകളെ പൊതിയുമ്പോൾ കടുംചുവപ്പും വെള്ളയും മഞ്ഞയും നിറങ്ങളുള്ള പൂക്കളിൽ വിരാജിക്കുന്നവരുമുണ്ട്. സസ്യശരീരത്തിലെ സർവ്വപോഷകങ്ങളും പ്രത്യൽപാദനത്തിനായി പൂക്കളൊരുക്കുക എന്ന ഏകധർമ്മത്തിനായി ഊറ്റിനൽകി ഒരിക്കൽ പൂക്കുന്നതോടെ ചെടികളും മണ്ണോട്മണ്ണ് ചേർന്ന് സ്വന്തം പുതുനാമ്പുകൾക്ക് വളരാനുള്ള അരങ്ങൊരുക്കുകയെന്ന ദധീചീസമാനമായ ആത്മാർപ്പണത്തിനും സമാനതകളേറെയില്ല. ഇത്രയധികം പ്രത്യേകതകളുള്ള കുറിഞ്ഞികൾ നിർമ്മിച്ചെടുക്കുന്ന മലകളിലെ നീലവസന്തം മണ്ണിനും വിണ്ണിനും മനോഹാരിത പകർന്നിളകിയാടിയാൽ തുള്ളാത്ത മനവും തുള്ളും എന്നേ പറയാനുള്ളൂ.
പ്രകൃതിപഠനത്തിലെ ഏറ്റവും പ്രാധാന്യമേറിയതും സമർപ്പണവും കഠിനാധ്വാനവും ആവശ്യവുമുള്ളതുമായ കാര്യമാണ് ഫീൽഡിലെ നേരന്വേഷണങ്ങൾ. ചാരുകസേലശാസ്ത്രജ്ഞൻമാരെന്നു കളിയാക്കി വിളിക്കപ്പെടുന്ന ചിലരുടെയെങ്കിലും നിഗമനങ്ങളും കണ്ടെത്തലുകളും ഭീമാബദ്ധങ്ങളായി മാറുന്നതിന് എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. പശ്ചിമഘട്ടത്തിന്റെ വടക്കൻ അതിർത്തിയായ തപതിതീരം തൊട്ട് തെക്കൻ മൂലയിലുള്ള അഗസ്ത്യകൂടം വരെ നടത്തിയ കുറിഞ്ഞിഅന്വേഷണങ്ങളുടെ സ്വതസിദ്ധശൈലിയിലുള്ള ആകർഷകമായ വിവരണങ്ങളാണ് ഒറ്റയിരിപ്പിന് ആരും വായിച്ചുപോകും. സാഹചര്യങ്ങളും സഹായികളും ഒപ്പം അനുയാത്രികരും തികച്ചും സ്വാഭാവികമായ രീതിയിൽ എല്ലായിടങ്ങളിലും രംഗപ്രവേശം ചെയ്യുന്നുണ്ട് . അതേസമയം ഒരു ശാസ്ത്രജ്ഞന്റെ നിരീക്ഷണപാടവവും വസ്തുനിഷ്ഠതയും കൈമോശം വരാതെ സ്വാനുഭവങ്ങൾ ലേഖകൻ വിവരിക്കുന്നുമുണ്ട്.
വളരെ കുറഞ്ഞ അവസരങ്ങളിലാണെങ്കിലും ജോമിസാറുമായി നേരിട്ട് ഇടപെടാൻ അവസരം ലഭിച്ചിട്ടുണ്ട്. എത്രമാത്രം വിസ്മയകരവും ആധികാരികവും ആയാണ് നിരീക്ഷണങ്ങളും നിഗമനങ്ങളും അവതരിപ്പിക്കുന്നത് എന്നതിൽ അൽഭുതംകൊണ്ടിട്ടുണ്ട്. കർണാടകത്തിലെ തടിയന്റമോൾ എന്ന് പേരായ 1700മീറ്റർ ഉയരമുള്ള മലയിലേക്കുള്ള യാത്രയിൽ ഗവേഷകരായ സുഹൃത്തുക്കളോടൊപ്പം 2014 ൽ ജോമിസാറിനെ അനുയാത്രചെയ്തത് അസാധാരണമായ അനുഭവമായിരുന്നു. മലകയറ്റത്തിനിടയിൽ, പരിചയമില്ലെന്നു തോന്നുന്ന ഓരോ ചെടിയുടേയും മുന്നിൽ സസൂക്ഷ്മം നിരീക്ഷണം നടത്തുന്നു, ചിലയിടങ്ങളിൽ സംശയനിവാരണത്തിനായി സ്വന്തം ഭാണ്ഢത്തിലെ പുസ്തകം തുറന്നുപരിശോധിക്കുന്നു, തോന്നലുകൾ മറ്റുള്ളവരുമായ് പങ്കുവെച്ച് അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള പ്രയാണം അതിശീഘ്രം തുടരുന്നു. ഏതോ ഒരു ചെടിയെക്കാണിച്ച് അത് കാണപ്പെടുന്ന ഉയരം ഒരു ഗവേഷകൻ രേഖപ്പെടുത്തിയിട്ടുള്ളത് ഇതിലും താഴെയാണല്ലോ എന്ന് കൂട്ടത്തിലൊരാൾ സൂചിപ്പിച്ചു. ‘അയാൾ അതുവരെ മാത്രമേ പോയിട്ടുണ്ടാവൂ', എന്നായിരുന്നു പെട്ടെന്നു വന്ന പ്രതികരണം. ആ മറുപടി രസകരവും ഏറെ ചിന്തനീയവുമായിരുന്നു, മതിയായ ഫീൽഡ് അനുഭവങ്ങളോ കൂടുതൽ അന്വേഷണമോ ഇല്ലാതെയുള്ള ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്തുന്നവർ ഏറെയുള്ള കാലമാണല്ലോ. അന്ന് ചികഞ്ഞ് പരതിയുള്ള അന്വേഷണത്തിനിടയിൽ നേരമേറെ വൈകുകയും പെട്ടെന്ന് കുതിച്ചെത്തിയ തീവ്രമിന്നലും അകമ്പടിയായെത്തിയ ശക്തിയേറിയ ഇടിമുഴക്കങ്ങളും ശമനമില്ലാതെ തുടരുകയും ചെയ്തപ്പോൾ തുറസ്സായ പുൽമേടുകളും പാറക്കൂട്ടങ്ങളും ഒട്ടും സുരക്ഷിതമല്ലെന്നതിനാൽ ഞങ്ങളുടെ സംഘം പാതിവഴിയിൽ താഴേക്ക് കുതിച്ചു.
അഗസ്ത്യകൂടപർവ്വതനിരയിലെ കഠിനമായ വനയാത്രയുടെ ഹരിതാഭമായ അനുഭവങ്ങൾ ആരെയും അങ്ങോട്ട് ആകർഷിക്കാൻ പര്യാപ്തമാണ്. ഇരവികുളം ദേശീയോദ്യാനവും മൂന്നാറും കാന്തല്ലൂരുമൊക്കെയാണ് നീലക്കുറിഞ്‍ഞിയുടെ സമൃദ്ധിയിൽ നിറഞ്ഞാടുന്ന പ്രദേശങ്ങൾ. സൈലന്റ്‍വാലിയുടെ ഉൾക്കാട്ടിലെ മലനിരകളിലൂടെയുള്ള യാത്രകൾ അപകടം പിടിച്ചതും ദിവസങ്ങളേറെ നീണ്ടനിന്നതുമായിരുന്നു. ചിന്നാറിലും നെല്ലിയാമ്പതിയിലും വാഗമണ്ണിലുമൊക്കെ പുതിയതും പഴയതുമായ കുറിഞ്‍ഞികൾ സ്വാഗതമോതാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. “ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്, ശരിയായ ആൾ' എത്തുകയെന്നത് എല്ലായിടത്തും ശരിയായ ആപ്തവാക്യമാണ്. വർഷങ്ങൾക്കിടയ്ക്കുമാത്രം പൂക്കുന്ന കുറിഞ്ഞികളെ കൃത്യമായി പഠിക്കാനും ഫോട്ടോയെടുക്കാനും രേഖപ്പെടുത്താനും കയറിച്ചെല്ലുമ്പോൾ കാലവും സ്ഥലവും ആളും ശരിയായേ തീരൂ. ലേഖകൻ തന്നെ എവിടെയോ സൂചിപ്പിച്ചതുപോലെ അക്കാര്യത്തിൽ അദ്ദേഹം ഏറെ അനുഗ്രഹീതനാണെന്നു പറയേണ്ടിവരും. കുടജാദ്രിയിലും ചിക്‌മംഗ്ളൂരുവിലും മഹാബലേശ്വറിലും ഖാസ് പീഠഭൂമിയിലും മറ്റു പലേയിടങ്ങളിലും തന്റെ ശിഷ്യരായ ഡോ.ബിജു ചെറുപുഴയും ഡോ. ജോസ്‍കുട്ടിയുമൊരുമിച്ച് കുറിഞ്ഞിതേടിയലഞ്ഞപ്പോഴുള്ള ആവേശം അതിലെ ഓരോ വരിയിലും നിറഞ്ഞുതുളുമ്പുന്നുണ്ട്. ഈ യാത്രകൾക്കൊക്കെ ചെലവഴിച്ച സമയവും അധ്വാനവും എത്രയാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കണ്ണൂർ ജില്ലയിലെ പൈതൽമലയിലും (വൈതൽകോന്റെ മല- വൈതൽ മലയെന്നതാണി ശരിയായ പേരെന്ന് ചരിത്രകുതുകികൾ) കുറിഞ്ഞികളെത്തേടിയവരെത്തി. 1200 മീറ്ററോളം ഉയരത്തിൽ കർണാടകമലകളുമായി ഇടചേർന്നു നിൽക്കുന്ന വൈതൽമല, ആരാലും അധികം ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു ഇടമായിരുന്നു സമീപകാലം വരെ. കർണാടകയിലെ തടിയന്റമോൾ മലകളിൽ നിന്നും വളരെകുറഞ്ഞ ആകാശദൂരത്തിൽ തലയുയർത്തി നിൽക്കുന്ന ഈ മലകൾ ഉത്തരകേരളത്തെ സംബന്ധിച്ച് ചരിത്രമുറങ്ങുന്ന ഭൂമികൂടിയാണ്. അപൂർവ്വങ്ങളായ ഓർക്കിഡുകളും മറ്റ് സസ്യയിനങ്ങളും ധാരാളമായുള്ള ഈ മലനിരകളിലെ ചിത്രശലഭവൈവിധ്യവും അടുത്തകാലത്തായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാലക്കാട്ചുരത്തിനു വടക്കും നീലഗിരിക്കുന്നുകളിലും മാത്രം കണ്ടുവരുന്ന അതിസുന്ദരമായ തീക്കണ്ണൻ തവിടൻശലഭത്തെ (Telinga adolphie – Redeye Bushbrown) വൈതൽമലയിൽ അടുത്തകാലത്തായി കണ്ടെത്തിയിട്ടുണ്ട്. പരിണാമശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഈ ശലഭം. മറ്റിടങ്ങളിൽ കാണുന്ന കുറിഞ്ഞികളായ S.barbatus, S.heyneanus, S.lupulinus S. canaricus, S. Warreensis, S. Walkeri തുടങ്ങിയവയെ ഈ മലനിരകളിൽ അടയാളപ്പെടുത്തിയ സംഘം, ഇതുവരെ ലോകത്തിനു പരിചയമില്ലാത്ത പുതിയ മൂന്നിനം കുറിഞ്ഞികളെ അവിടെനിന്നും കണ്ടെത്തി ശാസ്ത്രലോകത്തിന് സംഭാവന ചെയ്യുകയുമുണ്ടായി. S. sainthomianus ഉം S.kannani യും S.malabaricus ഉം ആണ് വൈതൽമലയുടെ സ്വന്തം കുറിഞ്ഞിയിനങ്ങൾ. പാല സെന്റ്തോമസ് കോളേജിനെ ആദരിച്ച് ഒന്നാമത്തേതിന് പേരിട്ടപ്പോൾ, തേക്കടിയിലെ കണ്ണൻ എന്ന വനംവകുപ്പുവാച്ചറുടെ ഓർമ്മക്കായിരുന്നു രണ്ടാമത്തെ ഇനം സമർപ്പിക്കപ്പെട്ടത്. കാസർഗോഡ് ജില്ലയിലെ പാണ്ടി എന്നുപേരായ സ്ഥലത്തെ ഒരു പുരയിടത്തിൽ നിന്നും കണ്ടെത്തിയ കുറിഞ്ഞിക്ക് ഗവേഷകരായ ശിഷ്യർ ഡോ.ജോമി അഗസ്റ്റിനോട് സ്നേഹപൂർവ്വമുള്ള ആദരമായി S.jomyi എന്ന പേരുവിളിച്ച് അനശ്വരമാക്കി. കുറിഞ്ഞിപ്പൂക്കൾ തേടി കാട്ടിലും മേട്ടിലും കാതങ്ങളലഞ്ഞ മനുഷ്യനുള്ള യഥാർത്ഥ ആദരം. കണ്ടതും കണ്ടെത്തിയതുമായ കുറിഞ്‍ഞികളുടെ വിശദാംശങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി മനോഹരമായ ഒരു കുറിഞ്ഞിപുസ്തകം 2018 ൽ MNHS പുറത്തിറക്കിയിട്ടുണ്ട്(Malabar Natural History Society. Strobilanthes Blume in the Western Ghats: The Magnificent Role of Nature in Speciation. Kozhikode, 2018.). വിവിധയിനങ്ങളുടെ ഇലകളും തണ്ടുകളും പൂക്കളും അവയുടെ ഛേദങ്ങളും മനോഹരമായ ഫോട്ടോകളിലാക്കി ഉൾപ്പെടുത്തി പിന്നാലെ വരുന്നവർക്ക് ഏറെക്കാലം ആശ്രയിക്കാവുന്ന മികച്ച ഗ്രന്ഥമാക്കി മാറ്റിയിട്ടുണ്ടതിനെ. പൂക്കളിൽ മാത്രമല്ല, ഇലകളിലും തണ്ടുകളിലും ഇവ പ്രകടിപ്പിക്കുന്ന വ്യത്യസ്തത അതിൽ വിവരിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ വിവിധപ്രദേശങ്ങളിലെ സൂക്ഷ്മകാലാവസ്ഥയുടെ വൈവിധ്യമാണ് ഈ കുറിഞ്ഞിവൈവിധ്യത്തിന് കാരണമെന്ന് അദ്ദേഹം വിശദമാക്കുന്നു.
വനയാത്രകളുടെയും ഫീൽഡ് അനുഭവങ്ങളുടെയും സമഗ്രമായ രേഖപ്പെടുത്തലുകൾ മലയാളത്തിൽ താരതമ്യേന കുറവാണ്, വർഷങ്ങളായി പ്രകൃതിപഠനം തപസ്സാക്കിയവർ – പ്രൊഫഷണലുകളും അമേച്വറുകളും ധാരാളമുണ്ടായിട്ടും. പ്രകൃതിയെ അടുത്തറിഞ്ഞവരുടെ ഇങ്ങനെയുള്ള അനുഭവകഥനങ്ങൾ പുതുതലമുറയ്ക്ക പഠന-സംരക്ഷണത്തിനുള്ള വഴികാട്ടിയാവുമെന്നതിലുപരി മുന്നിൽ നടന്നവരുടെ ആത്മാർപ്പണവും കഠിനാധ്വാനവും എങ്ങനെയാണ് മാതൃകയാവേണ്ടത് എന്നതിനുള്ള പാഠപുസ്തകവുമാവും. ഇവിടെ കുറിഞ്ഞികൾക്കൊപ്പം അനുഭവകഥനങ്ങളും ചുറ്റുപാടുകളും പ്രകൃതിസംരക്ഷണവും കൂടിച്ചേരുമ്പോൾ വായനക്കാർക്ക് എഴുത്തുകാരന്റെ ഒരുമിച്ചു യാത്രചെയ്യുന്നതുപോലെ തോന്നിയേക്കാം. ഒരു കുറിഞ്ഞിക്കിത്രയേറെ കഥകൾ പറയാനുണ്ടെങ്കിൽ മറ്റുള്ള ചെടികൾക്കും മാമരങ്ങൾക്കും പക്ഷികൾക്കും ശലഭങ്ങൾക്കും തുമ്പികൾക്കും എന്തൊക്കെ പറയാനുണ്ടാവും, ഒപ്പം മലകൾക്കും നീർച്ചാലുകൾക്കും പാറക്കൂട്ടങ്ങൾക്കും. പതിനായിക്കണക്കിന് വർഷങ്ങളിലെ ജീവന്റെ ഉൻമത്തനൃത്തകഥകൾ, പ്രകൃതിയുടെ നിഗൂഢരഹസ്യങ്ങളുടെ കഥകൾ, ഒരിക്കലും വായിച്ചാൽ തീരാത്ത പ്രകൃതിയെന്ന പുസ്തകം മനുഷ്യനെ വിനീതനും സർവ്വഭൂതഹിതേരതനും ആക്കുമെന്ന് പറഞ്ഞത് വെറുതെയല്ല.
(മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വോളിയം 22(1-3) മലബാർ ട്രോഗണിൽ പ്രസിദ്ധീകരിച്ച ലേഖനം)