2018, നവംബർ 29, വ്യാഴാഴ്‌ച

ദീപ്തം, സാന്ദ്രം, മധുരം



ജീവിതാരംഭത്തില്‍ത്തന്നെ ചിന്തയെ വഴിതിരിച്ചു വിട്ട കുറച്ചു പിഞ്ചുമുഖങ്ങള്‍. നിഷ്കളങ്കതയുടെ മൂര്‍ത്തരൂപങ്ങളായ ആ കുഞ്ഞുങ്ങള്‍ ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും സുഖശീതളമായ സ്മൃതി ചിത്രമായി ഉള്ളിലെവിടെയോ നിറഞ്ഞുനില്‍ക്കുന്നു.ബിരുദാനന്തരബിരുദത്തിലെ ഒന്നാം റാങ്കിന്റെ തലക്കനവും ബി.എഡ് ബിരുദവുമായി ചുരങ്ങള്‍ താണ്ടി വയനാട് ജില്ലയിലെ വനാതിര്‍ത്തിയിലുള്ള ആ കൊച്ചു ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകനായി ചെന്നെത്തിയത് ഏറെയൊന്നും സന്തോഷത്തോടെ ആയിരുന്നില്ല. തുടര്‍പഠനവും മറ്റു പലതും സ്വപ്നങ്ങളായി നെഞ്ചേറ്റി നടക്കുമ്പോള്‍ ഒരു പ്രാഥമിക വിദ്യാലയത്തിലെ പിഞ്ചുകുഞ്ഞുങ്ങളോട് എങ്ങിനെ ഇടപെടണമെന്ന് ഒരു ധാരണയുമില്ലാത്ത സമയം. ആദ്യമായി ലഭിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗമെന്ന പ്രലോഭനത്തിനു മുന്നില്‍ അക്കാര്യങ്ങളെല്ലാം മറന്ന് അവിടെയെത്തുക മാത്രമേ കരണീയമായുണ്ടായിരുന്നുള്ളൂ.
പട്ടണത്തില്‍ നിന്നും കിലോമീറ്ററുകള്‍ക്കപ്പുറം വനാതിര്‍ത്തിയോട് ചേര്‍ന്നു് വിജനമായൊരു സ്ഥലത്തായിരുന്നു വിദ്യാലയം. ആകെ ഉള്ളത് എഴുപതോളം കുട്ടികള്‍. ബസ് ഓടുന്ന പ്രധാന പാതയില്‍ നിന്നും കാടിന്നോരം ചേര്‍ന്ന് കാപ്പിത്തോട്ടങ്ങള്‍ നടന്നു കയറിയും വയലേലകള്‍ കീറിമുറിച്ചു കടന്നും വേണം അവിടെ എത്താന്‍. ഗ്രാമത്തോട് ചേര്‍ന്നുള്ള വനാന്തരങ്ങളില്‍ നിന്നും അതിഥി കളായെത്തുന്ന ആനക്കൂട്ടങ്ങള്‍ അവിടത്തെ പതിവു സന്ദര്‍ശകരും. അകെയുള്ള എഴുപതു പേരില്‍ മുക്കാല്‍ പങ്കും നിസ്വരില്‍ നിസ്വരായ ഗോത്രവര്‍ഗക്കാരുടെ മക്കള്‍. ബാക്കി നാട്ടിന്‍ പുറത്തുകാരായ മറ്റു കുട്ടികളും. ഒന്നു മുതല്‍ നാലു വരെയുള്ള നാലു ക്ലാസ്സുകളുടെ ചുമതലക്കാരായി പ്രധാനാധ്യാപകന്‍ ഉള്‍പ്പടെ ആകെ മൂന്ന് അധ്യാപകര്‍. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു നാട്ടിന്‍പുറത്തുനിന്നും ആള്‍പ്പെരുമാറ്റം കുറഞ്ഞ ആ വിദുരഗ്രാമത്തിലെത്തിയ ഒരാള്‍ക്ക് ജലത്തിനു പുറത്തെത്തിയ മീനെന്നു തോന്നുക തികച്ചും സ്വാഭാവികം.

ജോലിയില്‍ പ്രവേശിച്ച ജൂണ്‍ ഒന്നിനു തന്നെ മൂന്നാം തരത്തിലെ മുപ്പതോളം കുട്ടികളുടെ ചുമതല തലയില്‍ വന്നു വീണു. തന്റെ മുന്നിലിരിക്കുന്ന കുട്ടികള്‍ തന്റേതല്ലെന്ന തോന്നല്‍ ശക്തമായ ആദ്യ ദിനങ്ങള്‍, താന്‍ അവരുടേതല്ലെന്നും. പക്ഷേ ആ ചിന്തയ്ക്ക് അധികം ആയുസ്സ് നീട്ടിത്തരാന്‍ ആ നിഷ്കളങ്കമാനസങ്ങള്‍ തയ്യാറായിരുന്നില്ല. വാതോരാതെയുള്ള കലപില വര്‍ത്തമാനങ്ങളും ചിരിയും കരച്ചിലും മറ്റ് ബഹളങ്ങളും നിറഞ്ഞുനിന്നിരുന്ന ആ ക്ലാസ്സ് മുറിക്കകത്ത് ശിശു സഹജമായ പോരും പോര്‍വിളിയും പതിവു താളമായിരുന്നു. അവിടെ ഒരധ്യാപകന്റെ നിസ്സാഹായവസ്ഥയില്‍ നിന്നും പുറത്തുവരന്‍ കുഞ്ഞുഹൃദയങ്ങളോട് സംവദിക്കാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നറിഞ്ഞു. ഒരന്യഥാ ബോധവും കൂടാതെ നാഴികയ്ക്ക് നാല്‍പത് വട്ടമുള്ള സാറേ എന്ന നീട്ടിയുള്ള വിളി പെട്ടെന്നു തന്നെ എന്നെ അവരിലൊരാളാക്കി മാറ്റി. ശിഷ്യരാല്‍ നയിക്കപ്പെടുന്ന ഗുരുനാഥന്‍ അവിടെ യാഥാര്‍ത്ഥ്യമായിത്തിരുകയായിരുന്നു.
ഒരു ക്ലാസ്സില്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കാന്‍ ഒരധ്യാപകന്‍ എന്ന തത്വം പ്രാഥമിക വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരികയായിരുന്നു അന്ന്. രാവിലെ ഒമ്പതരയോടെ ക്ലാസ്സിലെത്തിയാല്‍ ഉച്ചക്കായി തിരിച്ചിറക്കം. രണ്ടുമണി മുതല്‍ നാലു മണി വരെ വീണ്ടും. അധ്യാപകനോട് സംസാരിക്കാന്‍ തീര്‍ത്തും വിമുഖരായിരുന്നു അവരില്‍ ഭൂരിഭാഗം പേരും. പരസ്പരം സംസാരിക്കുന്നതോ അവരുടേതു മാത്രപമായ ഭാഷയിലും. അതാകട്ടെ ഒരു പുറത്തുള്ളയാള്‍ക്ക് ഒട്ടും ഗ്രാഹ്യവുമായിരുന്നില്ല. അല്ലെങ്കിലും എന്നാണ് നിഷ്കളങ്കതയും നിര്‍മമതയും മാത്രം കൈമുതലായുള്ള വനവാസി സമൂഹങ്ങളുടെ ഭാഷ പുറം ലോകത്തിന് മനസ്സിലായിട്ടുള്ളത്? ഓരോ കുട്ടിയെയും അവരുടെ സാഹചര്യങ്ങളെയും അടുത്തറിയാനുള്ള അവസരമായി അത്. സ്വന്തം കുടിലുകളിലെ പട്ടിണിയുടേയും പരിവട്ടത്തിന്റെയും നേര്‍സാക്ഷ്യങ്ങള്‍ ആ കണ്ണുകളില്‍ തെളിഞ്ഞുകത്തി. കാപ്പിത്തോട്ടങ്ങളിലെ പണിക്കു പോയും മാതാപിതാക്കളെ മറ്റ് ജോലികളില്‍ സഹായിക്കാന്‍ പോയും ഇടയ്ക്കിടെ മാത്രം വിദ്യാലയത്തിലെത്തുന്ന അതിഥി താരങ്ങളായിരുന്നു അവരില്‍ നല്ലൊരു ശതമാനം. അതുതന്നെ ഉച്ചക്ക് ലഭിക്കുന്ന കഞ്ഞിയുടെയും പയറിന്റെയും മാത്രം പ്രലോഭനമായിരുന്നു എന്ന് ചില രക്ഷിതാക്കളുമായുള്ള സംഭാഷണത്തില്‍ നിന്നും മനസ്സിലായി. പ്രാഥമിക ഗണിത ക്രിയകള്‍ വളരെ പെട്ടെന്ന് പെറുക്കിയെടുക്കാന്‍ സാധിക്കുന്നവരുണ്ടായിരുന്നു അവരില്‍. സ്വരമാധുരിയോടെ നാടന്‍ പാട്ടുകള്‍ ആലപിക്കാന്‍ കഴിയുന്നവരും ഏറെ. ആവനാഴിയിലെ അമ്പുകള്‍ സര്‍വ്വതും പ്രയോഗിച്ചിട്ടും സംസാരിക്കാന്‍ കൂട്ടാക്കത്തവരും ഒട്ടനവധിയുണ്ടായിരുന്നു. അവരോടൊപ്പം നാട്ടിന്‍പുറത്തുകാരായ കുട്ടികളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നത് നേര്‍ക്കും വെല്ലുവിളിയായി മാറിയ ദിനങ്ങള്‍.
മുപ്പതോളം പേരടങ്ങിയ ആ കുട്ടിക്കൂട്ടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ‍ തന്ത്രങ്ങള്‍ തേടലായി സ്ക്കൂളിലേക്കുള്ള രാവിലത്തെയും വൈകുന്നേരത്തെയും കാടോരം ചേര്‍ന്നുള്ള ഏകാന്ത യാത്രകള്‍. അധ്യാപകവൃത്തിയില്‍ ചേരുന്നതിന്നു മുന്നോടിയായി ഡി.പി..പിയുടെ നേതൃത്ത്വത്തില്‍ ലഭിച്ച ഒരാഴ്ചത്തെ പരിശീലനത്തില്‍ പരിചയപ്പെട്ട 'ടോട്ടോച്ചാനും' ഗിജുഭായ് ബധേകയുടെ 'ദിവാസ്വപ്നവും' ഒക്കെ അവിടെ പ്രകാശം ചൊരിഞ്ഞിട്ടുണ്ടാവണം. ഏതായാലും കുട്ടികളുമായുള്ള ആത്മബന്ധം അറിയാതെ വളരുകയായിരുന്നു. കഥകളും കുട്ടിക്കവിതകളും പതുക്കെ സഹായത്തിനെത്തി. അടുപ്പം കൂടുമ്പോള്‍ ആവശ്യങ്ങളും കൂടി വന്നു. ദിവസവും കഥവേണമെന്നും പാട്ടു വേണമെന്നുമായി. കുട്ടിക്കാലത്തു വായിച്ചുതീര്‍ത്ത പൂമ്പാറ്റയും ബാലരമയും അമ്പിളി അമ്മാവനും ഒന്നും മതിയാവില്ലെന്നായപ്പോള്‍ പഞ്ചതന്ത്രവും ഈസോപ്പുകഥകളും ഒപ്പം മറ്റുപല പുസ്തകങ്ങളും വാങ്ങി വീണ്ടും വീണ്ടും വായിച്ചു പഠിച്ചു.
സ്ക്കൂളിനു ചുറ്റുമുള്ള വയലേലകള്‍ പെരുമഴക്കാലത്ത് ചെളിയും വെള്ളവും നിറഞ്ഞു മറയുമ്പോള്‍ ആ കുഞ്ഞുമനസ്സുകളില്‍ പൂത്തിരി നിറയുന്നു. ചെളി തേവിയും തെറിപ്പിച്ചും ചെളിയില്‍ കിടന്നു മറിഞ്ഞും ചെറു തോടുകളിലും വയല്‍വരമ്പുകളിലും അവര്‍ ഉല്‍സവം ആഘോഷിച്ചു. ഞണ്ടുകളെയും മീനുകളെയും തേടി നടന്ന വനവാസികുഞ്ഞുങ്ങള്‍ മനുഷ്യവംശത്തിന്റെ പരിണാമതുടര്‍ച്ചയിലെ ജനിതകാംശത്തിന്റെ നേരവകാശികളായി.
വര്‍ഷങ്ങള്‍ ഓടി മറഞ്ഞു. അനേകം വിദ്യാലയങ്ങള്‍, കുട്ടികളും അധ്യാപകരും നിറഞ്ഞ ചെറുതും വലുതുമായ ഒട്ടനവധി ക്ലാസ്സ് മുറികള്‍. അധ്യാപനമെന്ന മഹാനുഭവം. എങ്കിലും ആ മൂന്നാം തരത്തിലെ നിഷ്കളങ്ക ബാല്യങ്ങള്‍ എല്ലാറ്റിനും മുകളില്‍ മനസ്സിലെവിടെയോ ഹരിതാഭ തൂവുന്നു. രമ്യയും സ്വപ്നയും ശുഭയും ദീപ്തിയും കൃഷ്ണയും അഖിലയും മനീഷും ജിതേഷും, അങ്ങിനെ ഇരുപതിലേറെ മുഖങ്ങള്‍. ഗൃഹാതുരത്വവും വൈകാരികതയും വീണ്ടും സന്നിവേശിക്കപ്പെടുന്നു. എല്ലാ അധ്യാപകനും ഇങ്ങനെതന്നെ ആവുമോ ആദ്യ ക്ലാസ്സ് മുറി പകര്‍ന്നു നല്‍കിയ ആത്മാനുഭൂതികള്‍?
(വയനാട് ജില്ലയിലെ കുപ്പത്തോട് ജി.എല്‍.പി.എസ്സില്‍ 1998-99 വര്‍ഷം അധ്യാപകനായിരുന്നു.)