Thursday, June 16, 2011

വിക്കിപീഡിയയെക്കൊണ്ട് എന്ത് പ്രയോജനം ?

           സാങ്കേതികവിദ്യാവിസ്ഫോടനത്തിന്റെയും വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന്റെയും ഫലമായി ലോകം ഒരു ഗ്രാമമായി മാറാന്‍ പോവുകയാണെന്ന് പലരും പറഞ്ഞുകൊണ്ടിരിക്കുന്നു.പാശ്ചാത്യസംസ്ക്കാരവും ആംഗലഭാഷയും ഒരു പരിധിവരെ ലോകവ്യാപകമാവുന്നു.തനതു സംസ്കാരങ്ങളും ഭാഷകളും ഊര്‍ധ്വന്‍ വലിച്ചുതുടങ്ങുകയോ നിലനില്‍പ്പിനായുള്ള പോരാട്ടം നടത്തുകയോ ചെയ്യുന്നു.ദൈനംദിനമെന്നോണം അന്യം നില്‍ക്കുന്ന ഭാഷകളുടെ എണ്ണത്തെക്കുറിച്ചുമാത്രമേ തര്‍ക്കമുളളൂ.കേരളത്തില്‍ മലയാളം പഠനമാധ്യമമായ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കുറയുന്നു.മലയാളം ബോധന മാധ്യമമാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പോലും രായ്ക്കുരാമാനം അട്ടിമറിക്കപ്പെടുന്നു.പൊതുവിദ്യാലയങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി അഞ്ഞൂറില്‍പ്പരം സി.ബി.എസ്.ഇ സ്ക്കൂളുകള്‍ക്ക് അംഗീകാരം ലഭിക്കുന്നു.വിദ്യാഭ്യാസം കുറഞ്ഞസാധാരണക്കാരന്‍ പോലും സുകുമാര്‍അഴീക്കോടിന്റെ ഭാഷയില്‍ കൊടും മഴയുള്ള ദിവസത്തെ 'good morning' ഉം കാളരാത്രികളെ 'good night' ഉംആക്കി നിര്‍വൃതി തേടുന്നു.അച്ഛനും അമ്മയും പണ്ടെന്നോ മരിച്ചുപോയി.സ്നേഹവായ്പും മമതയും ഇല്ലാത്ത ജീവച്ഛവങ്ങളായ ഡാഡിയും മമ്മിയുമായിത്തീര്‍ന്നു അവര്‍.(നൂറ്റിയേഴു വയസ്സുള്ള മുത്തശ്ശിയെ തൊഴുത്തിലാക്കുന്നതിനെന്തു കാരണം പിന്നെ !) മൂന്നരക്കോടി മലയാളികള്‍ക്ക് മുപ്പത്തിഅഞ്ച് ടെലിവിഷന്‍ ചാനലുകള്‍ . ചാനല്‍മലയാളമെന്ന പുതിയ ഭാഷ പിറവിയെടുക്കുന്നു. ആധുനിക മലയാളഭാഷയുടെ പിതാവ്(മാതാവ്?)ചാനല്‍ ഭാഷയ്ക്ക് വ്യാകരണം ചമയ്ക്കുന്നു. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കപ്പുറം സംസ്കൃതത്തോടും ഹിബ്രുവിനോടും ലാറ്റിനോടും ഒപ്പം ഒരേ തൊഴുത്തില്‍ മലയാളവും മൃതഭാഷയാവുമെന്ന് ശുഭാപ്തിവിശ്വാസികള്‍ക്ക്പ്പോലും സംശയമില്ല.


           മലയാളിയുടെ അടിമത്തമനോഭാവവും ഇംഗ്ളീഷ് വിധേയത്വവും വിജ്ഞാനത്തിന്റെയും വിവരത്തിന്റെയും സ്രോതസ്സ് ഇംഗ്ളീഷാണെന്ന ചിന്തയും ഒക്കെ ഇതിനു വഴിതെളിച്ചു.മലയാളത്തിന്റെ ഈ അവസ്ഥയ്ക്കുകാരണമന്വേഷിച്ചു പോയവര്‍ കണ്ടെത്തിയതു വിചിത്രങ്ങളായ കാര്യങ്ങളായിരുന്നു.ഏറ്റവുംഒടുവില്‍ വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റമാണ് ഇതിനു കാരണമെന്നതുവരെയായി.മലയാളത്തിന്നു പിരീഡ് കൂട്ടാന്‍ വിവരസാങ്കേതിക വിദ്യയുടെ സമയം കുറക്കണമെന്ന ആവശ്യവും ഉയര്‍ന്നു.എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം മലയാളഭാഷയില്‍ വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് വാസ്തവം.'എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ' എന്നത് കേവലം മുദ്രാവാക്യമല്ലാതായി.കുട്ടികളും മുതിര്‍ന്നവരും സ്വന്തം കമ്പ്യൂട്ടറുകളില്‍ മലയാളം ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.വിവിധ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സോഫ്റ്റ്വെയറുകളുടെ വ്യാപനത്തോടെ ഇത് കൂടുതല്‍ എളുപ്പമായി.പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ പ്രാഥമിക തലം മുതല്‍ മലയാളം ടൈപ്പിംഗ് പഠിക്കുന്നു.(സ്വന്തം അധ്യാപകരെ ഒട്ടുദൂരം പിന്നിലാക്കിക്കൊണ്ടുതന്നെ!)ദിനപത്രങ്ങള്‍ക്കൊക്കെ മലയാളം ഇന്റര്‍നെറ്റ് പതിപ്പുകള്‍,യുണീക്കോഡു ഫോണ്ടുകളില്‍ത്തന്നെ.ടൈപ്പ്റൈറ്ററിന്റെയും കല്ലച്ചുകളുടെയും സൗകര്യത്തിന് വേര്‍പിരിഞ്ഞ കൂട്ടക്ഷരങ്ങള്‍ വീണ്ടും സ്വാഭാവിക ഭംഗിയിലും രൂപത്തിലും തിരിച്ചെത്തിത്തുടങ്ങി,കൂടുതല്‍ രൂപഭാവങ്ങളോടെ.'നാരായവും'' വരമൊഴിയും' ഒപ്പം മറ്റനേകം സംവിധാനങ്ങളും വിരല്‍ത്തുമ്പില്‍ മലയാളമെത്തിച്ചു.ഇതിനൊക്കെ താങ്ങായി വിദ്യാഭ്യാസ മേഖലയിലും പൊതുസമൂഹത്തിലും സ്വീകാര്യത വര്‍ദ്ധിച്ചു വരുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനങ്ങളും.


                  ഇതോടൊപ്പം മലയാളത്തിലെ വിക്കിപ്പീഡിയ സംരംഭങ്ങളെയും കൂട്ടിവായിക്കേണ്ടതുണ്ട്.അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള വിക്കിമീഡിയ ഫൗണ്ടേഷനാണ് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപ്പീഡിയയുള്‍പ്പെടെയുള്ള സംരംഭങ്ങളെ നിയന്ത്രിക്കുന്നത്.വിജ്ഞാനം എന്നും എവിടെയും സ്വതന്ത്രമായിരിക്കണമെന്ന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന വിക്കിപ്പീഡിയ വിജ്ഞാനത്തിന്റെ അവസാന വാക്കായി മാറിക്കൊണ്ടിരിക്കുന്നു.ഇംഗ്ളീഷ് വിക്കിപ്പീഡിയയില്‍ ഇന്ന് മുപ്പത് ലക്ഷത്തില്‍പ്പരം ലേഖനങ്ങളുണ്ട്.2002ല്‍ വിക്കിപ്പീഡിയയുടെ മലയാളം പതിപ്പ് ആരംഭിച്ചു.അറിവിന്റെ കുത്തക ഒരു ഭാഷക്കും സ്വന്തമല്ലെന്നതിനാല്‍ ഇന്ന് ചെറുതും വലുതുമായ 287 ഭാഷകളില്‍ വിക്കിപ്പീഡിയയുണ്ട്.പ്രാദേശിക ഭാഷകളുടെ നിലനില്‍പ്പിന്നും വളര്‍ച്ചയ്ക്കും അവ ചെയ്യുന്ന സേവനം വളരെ വലുതാണ്. ഇന്ന് മലയാളം വിക്കിപ്പീഡിയയില്‍ പതിനെട്ടായിരത്തിഅഞ്ഞൂറോളം ലേഖനങ്ങള്‍ ഉണ്ട്.ഇംഗ്ലീഷ് ഭാഷ മലയാളത്തെ നക്കിയും ഞെക്കിയും ഇല്ലാതാക്കുന്നതിനിടയിലാണ് ഐ.ടി വിദഗ്ധരും അല്ലാത്തവരുമായ ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ തെളി മലയാളം വിക്കിസംരംഭങ്ങളിലൂടെ പുനര്‍ജനിതേടുന്നത്.ഒറ്റപ്പൈസപോലും പ്രതിഫലം ഇല്ലാതെ തികച്ചും സന്നദ്ധപ്രവര്‍ത്തനമായി മലയാളികള്‍ നിര്‍മ്മിച്ചെടുത്തതാണ് ഇവ.ഗൃഹാതുരത്ത്വം മാതൃഭാഷയോടുള്ള അടക്കാനാവാത്ത വികാരമായപ്പോള്‍ മറുനാടന്‍ മലയാളികളാണ് ഈ പ്രവര്‍ത്തനത്തിന് മുന്‍കൈയ്യെടുത്തത്.ഇന്നും അവര്‍തന്നെ വിക്കിപ്പീഡിയയുടെ ചാലകശക്തി.വിശ്രമവേളകളില്‍ നിന്നും ജോലിസമയത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത സമയമാണ് വിക്കിപ്പീഡിയക്ക് നല്കുന്നതെന്ന് മലയാളത്തിലെ ഒരു പ്രമുഖ വിക്കിപ്പീഡിയന്‍ എഴുതുന്നു.വിക്കിപ്പീഡിയക്കു വേണ്ടി സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവരില്‍ സാധാരണക്കാരുണ്ട്,അക്കാദമിക് ബുദ്ധിജീവികളുണ്ട്,കമ്പ്യൂട്ടര്‍പ്രൊഫഷണലുകളുണ്ട്,സ്ക്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുമുണ്ട്.


               സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപ്പീഡിയക്കൊപ്പം മറ്റു വിക്കിസംരംഭങ്ങളും മലയാളത്തില്‍ സജീവമായി വരുന്നു.നിരവധി ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിക്കിഗ്രന്ഥശാല ഏറെ പ്രധാനപ്പെട്ട ഒരു സംരംഭമത്രെ.പകര്‍പ്പാവകാശ പരിധി കഴിഞ്ഞ ഗ്രന്ഥങ്ങളാണ് ഇതില്‍ ശേഖരിക്കപ്പെടുന്നത്.ഐതിഹ്യമാല പൂര്‍ണ്ണമായും കുമാരനാശന്റെയും ചങ്ങമ്പുഴയുടെയും ഒട്ടുമിക്ക കൃതികളും ഇവിടെ ലഭ്യമായിക്കഴിഞ്ഞു.മഹാഭാരതവും ഭഗവത്ഗീതയും ബൈബിളും ഖുറാനും ഇതില്‍പ്പെടുന്നു. വായിക്കാനും അച്ചടിച്ച് ഉപയോഗിക്കാനും കഴിയുന്നരൂപത്തിലാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്.മാനവരാശിയുടെ അമൂല്യസമ്പത്തായ ഒട്ടനവധി മഹദ്ഗ്രന്ഥങ്ങളും പകര്‍പ്പാകാശപരിധി കഴിഞ്ഞ മറ്റ് നിരവധി മലയാള പുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.ഇവയൊക്കെ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ നിരവധി സന്നദ്ധപ്രവ്രര്‍ത്തകരുടെ പരിശ്രമം കൂടിയേ തീരൂ.


             ഏതൊരു ഭാഷയുടെയും തനിമയും സൗന്ദര്യവും കുടികൊള്ളുന്നത് ആ ഭാഷയില്‍ പ്രചാരത്തിലിരിക്കുന്ന ശൈലികളുടെയും നാട്ടുപ്രയോഗങ്ങളുടെയും സമ്പന്നതയിലാണ്.മലയാളത്തിന്റെ വാമൊഴിവഴക്കത്തിന്റെ ശക്തിയും സൗന്ദര്യവുംശാലീനതയും നഷ്ടപ്പെട്ടുകൂടാ.'ആറുമലയാളിക്ക് നൂറ് മലയാളം 'എന്നത് തെക്ക് വടക്ക് പ്രദേശങ്ങളിലും മലനാട് തൊട്ട് അലയാഴി വരെയുള്ള പ്രദേശങ്ങളിലും ഉള്ള മലയാളഭാഷയിലുള്ള വ്യത്യാസത്തെ സൂചിപ്പിക്കുന്നു.ഗ്രാമ്യപ്രയോഗങ്ങളും ശൈലികളും ഉച്ചാരണത്തിന്റെ നീട്ടികുറുക്കലുകളും താളബോധവും പ്രദേശങ്ങള്‍തോറും മാറുന്നു.വനവാസികള്‍ക്കിടയിലും വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലും വിവിധങ്ങളായ ശൈലികള്‍ നിലനില്‍ക്കുന്നു.ഇതൊക്കെ മലയാളത്തിന്റെ ഈടുവെപ്പുകളത്രെ.ഇവ സമാഹരിക്കാനും സംരക്ഷിക്കാനും വിക്കിചൊല്ലുകളില്‍ സൗകര്യമുണ്ട്.ഏറെ സാധ്യതകളുണ്ട് ഈ സംരംഭത്തിന്.നിഘണ്ടുവും ശബ്ദകോശവുമായ വിക്കിനിഘണ്ടു,പഠനസഹായികള്‍ക്കും പാഠപുസ്തകങ്ങള്‍ക്കുമുള്ള വിക്കിപാഠശാല എന്നിവയും മലയാളത്തില്‍ സജീവമായിവരുന്നു.സ്വതന്ത്രപകര്‍പ്പാവകാശം ഉള്ള ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചുവെക്കാനുള്ള പൊതുഇടമാണ് വിക്കിമീഡിയ കോമണ്‍സ്.ഏപ്രില്‍ മാസം നടത്തിയ "മലയാളികള്‍ വിക്കിമീഡിയയെ സ്നേഹിക്കുന്നു"എന്ന പരിപാടിയിലൂടെ മലയാളികള്‍ എടുത്ത രണ്ടായിരത്തിമുന്നോറോളം ചിത്രങ്ങളാണ് കോമണ്‍സിലേക്ക് എത്തിച്ചേര്‍ന്നത്.


               മലയാളം വിക്കിമീഡിയ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ നാലാമതു സംഗമം ജൂണ്‍ 11 നു കണ്ണൂരില്‍ ചേരുകയുണ്ടായി.കേരളത്തിനുള്ളിലും പുറത്തും വിക്കിമീഡിയ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്ത സംഗമം ഉദ്ഘാടനം ചെയ്തത് കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ്ചാന്‍സലര്‍ ശ്രീ.ബി.ഇക്ബാല്‍ ആയിരുന്നു.നാടിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷതരുന്ന രണ്ടേ രണ്ടു പ്രസ്ഥാനങ്ങള്‍ വിക്കി-സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനവും സാന്ത്വനചികില്‍സാ പ്രസ്ഥാനവും മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രതിഫലേച്ഛ തെല്ലുമില്ലാതെ ഇവയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തികച്ചും വ്യത്യസ്തരാണ്.കേരളത്തിലെ സാമൂഹ്യ-സാഹിത്യ-സാംസ്ക്കാരിക-ഭരണ നായകന്മാര്‍ വിക്കിസംരംഭങ്ങളുടെ പ്രാധാന്യം ഇനിയും ഒട്ടും മനസ്സിലാക്കിയിട്ടില്ല എന്നത് ഏറെ ദുഖകരമാണ്. അത്തരക്കാരെ ഇത് മനസ്സിലാക്കിക്കാന്‍വേണ്ടി എന്തെങ്കിലും ചെയ്യണം.സര്‍ക്കാറിന് ഒരു ഭാഷാസാങ്കേതിക നയം ആവശ്യമുണ്ട്.ഇത്തരം കാര്യങ്ങളാണ് അദ്ദേഹം സൂചിപ്പിച്ചത്.സാധാരണ പൗരന്റെ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച സര്‍ക്കാര്‍ വെബ്സൈറ്റുകളിലെ ഉള്ളടക്കം ഇന്നും പകര്‍പ്പാവകാശ പരിധിയില്‍ വരുന്നതിനാല്‍ പൊതുആവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കാന്‍ പറ്റാത്തതിലെ വൈരുദ്ധ്യം പലകുറി പരാമര്‍ശിക്കപ്പെട്ടു.സ്വന്തം രാജ്യത്തിന്റെ ഭൂപടം പോലും പൊതുസഞ്ചയത്തിലല്ല എന്നത് പൗരാവകാശങ്ങളെക്കുറിച്ചുള്ള ധാരണ മിഥ്യയാണെന്നു തുറന്നുകാണിക്കുന്നു.കാഴ്ചയില്ലാത്തവര്‍ക്ക് തങ്ങളുടെ പരിമിതികള്‍ മറികടക്കാന്‍ ആധുനികസാങ്കേതിക വിദ്യ സഹായിക്കുന്നതെങ്ങിനെയെന്ന് സമ്മേളനത്തിനെത്തിയ, പൂര്‍ണ്ണമായും കാഴ്ച നശിച്ച ശ്രീ സത്യന്‍ മാസ്റ്റര്‍ വിവരിച്ചപ്പോള്‍ കണ്ണുള്ളവരുടെ അകക്കണ്ണ്തുറപ്പിക്കുന്ന അനുഭവമായി . വ്യത്യസ്തങ്ങളായ അവശതകളനുഭവിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മലയാളത്തില്‍ അറിയാനും അനുഭവിക്കാനും അവസരമുണ്ടാക്കിത്തരണമെന്ന അദ്ദേഹത്തിന്റെ ഹൃദയത്തില്‍നിന്നുള്ള അപേക്ഷ ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുകയില്ലെന്ന് തീര്‍ച്ച.മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികള്‍ ഉള്‍പ്പെടുത്തിയിറക്കിയ സിഡിയുടെ പ്രകാശനവും അവിടെ നടന്നു.ലോകത്ത് ആദ്യമായാണ് ഒരു വിക്കിഗ്രന്ഥശാലയില്‍ ഇത്തരം സിഡി പുറത്തിറങ്ങുന്നതത്രെ.


            കണ്ണൂരില്‍ നടന്ന ഈ സംഗമം മലയാളത്തിലെ വിക്കിപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കാം.അത് മാതൃഭാഷയെ സ്നേഹിക്കാനും സംരക്ഷിക്കാനും നിലനിര്‍ത്താനുമുള്ള നിശ്ശബ്ദപ്രവര്‍ത്തനമായി മാറട്ടെ.ലോകത്തിലെ എല്ലാ മഹദ്സംരംഭങ്ങളും ചില കിറുക്കന്‍മാരില്‍ന്നിന്നാണ് ആരംഭിച്ചതെന്ന് പറയാറുണ്ട്. മലയാളംവിക്കി സംരംഭങ്ങള്‍ക്കു പിന്നിലും സ്വന്തം ബുദ്ധിയും സമയവും പണവും ഇതിന്നായി ചെലവഴിക്കുന്ന കുറച്ച് ചെറുപ്പക്കാരാണ് ഉള്ളത്. കമ്പ്യൂട്ടര്‍ രംഗത്ത് ഉയര്‍ന്ന നിലയില്‍ ജോലിചെയ്യുന്നവരാണ് ഇവരില്‍ പലരും. യുവത്വം സ്വന്തം കാര്യം നോക്കി സ്വാര്‍ത്ഥമതികളായി മുന്നോട്ടു പോകുമ്പോള്‍, എല്ലാറ്റിനും മുകളില്‍ പണം പറക്കുമ്പോള്‍ വ്യത്യസ്തരായ ഇക്കൂട്ടരെ സത്യത്തില്‍ ആരെങ്കിലും തിരിച്ചറിയണമെന്ന് ആഗ്രഹിച്ചുപോകുന്നു.10 comments:

ശ്രീജിത്ത്‌ കെ said...

Excellent article. Appreciate the effort you have taken as well as the effort Wikipedia editors are taking.

Kannan Shanmugam said...

ഗിരീഷ് സംഗമത്തെക്കുറിച്ചെഴുതിയത് മനോഹരമായിരിക്കുന്നു.സത്യന്‍ മാഷെക്കുറിച്ച് ഒരു വാര്‍ത്ത ഒരു മുഖ്യ ധാരാ മാധ്യമത്തിന്റയും ശ്രദ്ധയില്‍പ്പെടാത്തത് പ്രതിഷേധാര്‍ഹം തന്നെ.അല്ലെങ്കില്‍ തന്നെ എന്നാണ് ഇവര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്

സുഗീഷ്. ജി|Sugeesh.G said...

ഇത്രയും കൃത്യതയോടെ ഒരു പോസ്റ്റ് അതും എല്ലാ വിവരങ്ങളും ചേർത്തുകൊണ്ട്. മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ.

ചില കാര്യങ്ങൾ കൂടി പറയാനുണ്ട്. കേരളത്തിനു പുറത്തെ വിക്കന്മാരെടെ അത്രയും സജീവമല്ലെങ്കിലും കേരളത്തിനകത്തും ഇപ്പോൾ സജീവ പ്രവർത്തകരുണ്ട്.

Anonymous said...

വിക്കിപീഡിയയെക്കുറിച്ചും മറ്റു വിക്കി സംരഭങ്ങളെക്കുറിച്ചും ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. ലേഖകന് അഭിനന്ദനങ്ങൾ

Fuad said...

വിക്കി സംരംഭങ്ങളെക്കുറിച്ച് വളരെ വിശാലമായി തന്നെ എഴുതാൻ സമയവും സ്ഥലവും ചിലവഴിച്ചത് അനുമോദനാർഹം തന്നെ. നന്നായിരിക്കുന്നു.

വിജയകുമാർ ബ്ലാത്തൂർ said...

excellent,..

vivek wayanad said...

arivum tiricharivum nalkunna nalloru lekanam...kooduthal aalkarilek e lekanam ethiyirunenkil ennu aashikkunnu..

K V Ramachandran said...

വിക്കി സംരംഭങ്ങളെക്കുറിച്ച് ഏറെ അറിയാന്‍ സഹായകമാകുന്ന പോസ്റ്റ്. നന്ദി.

ടി.വി.ബാലകൃഷ്ണന്‍ said...

ടി.വി.ബാലകൃഷ്ണന്‍
വിക്കിപീഡിയ സംരംഭത്തെക്കുറിച്ച് മനസ്സിലാക്കാന്‍പോസ്റ്റ്
സഹായകമായി.ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.നന്ദി.

mini//മിനി said...

ഈ പോസ്റ്റ് വായിച്ചത് ഇപ്പോഴാണ്.
വിക്കി സംഗമം ഞാനും blog പോസ്റ്റ് ചെയ്തിട്ടുണ്ട്,
നാലാമത് മലയാളം വിക്കി പ്രവർത്തക സംഗമം, കണ്ണൂർ വായിക്കാം