2010, നവംബർ 8, തിങ്കളാഴ്‌ച

ഒരു മിനുട്ട് ടീച്ചര്‍ (The One Minute Teacher)

                 സമീപകാലത്തായി പുസ്തകശാലകളില്‍ വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത് ഒരു പക്ഷെ ,സ്വയം സഹായപുസ്തകങ്ങളായിരിക്കുമെന്ന് തോന്നുന്നു.      ഇംഗ്ളീഷിലുള്ള നിരവധി പുസ്കങ്ങള്‍ക്ക് പുറമെ മലയാളത്തിലും ഇന്ന് ഇവ സുലഭം. ശിവ് ഖേരയും തോമസ് ഹാരിസും തൊട്ട് ഈ കൊച്ചു മലയാളത്തില്‍ കൊച്ചൗസോപ്പ് ചിറ്റിലപ്പിള്ളിയും ബി.എസ് വാരിയരും വരെപെടുന്നു ഇക്കൂട്ടത്തില്‍.തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും തങ്ങള്‍ തന്നെ സ്വയം സഹായിക്കേണ്ടി വരുമെന്നും ജനങ്ങള്‍ക്ക്  മനസ്സിലായിത്തുടങ്ങിയതു കൊണ്ടാണോ അല്ല സര്‍വ്വലോകരും പൊടുന്നനെ ജീവിതപരാജയത്തിന്റെ പടുകുഴിയിലേക്ക് പതിച്ചതുകൊണ്ടാണോ ഇവ ചൂടപ്പം പോലെ വിറ്റഴിയുന്നതെന്ന് ആലോചിക്കേണ്ടവര്‍ ആലോചിക്കട്ടെ.

          അധ്യാപകര്‍ക്കുവേണ്ടി എഴുതപ്പെട്ട ഇത്തരം ഒരു പുസ്തകം ഉയര്‍ത്തുന്ന ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു.നിരവധി സ്വയം സഹായ പുസ്തകങ്ങളുടെ രചയിതാവായ അമേരിക്കന്‍ എഴുത്തുകാരന്‍ സ്പെന്‍സര്‍ ജോണ്‍സണും ഒപ്പം കോണ്‍സ്റ്റന്‍സ് ജോണ്‍സണും ചേര്‍ന്നെഴുതിയ ദി വണ്‍ മിനുട്ട് ടീച്ചര്‍ എന്നതാണ് ഈ പുസ്തകം .വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളുടെതും പുതിയ പഠനബോധന തന്ത്രങ്ങളുടെതും എന്ന് ഉദ്ഘോഷിക്കപ്പെടുന്ന  ഇക്കാലത്ത് അധ്യാപകര്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്നു തോന്നുന്നു.

സങ്കല്‍പത്തിലെ ഒരു അധ്യാപികയുടെ സ്വയം പഠനത്തിനും കുട്ടികളെ പഠിപ്പിക്കുന്നതിനും ഉള്ള തനതുരീതികളുടെ സൂചനകള്‍ വഴിയാണ് പുസ്തകം മുന്നോട്ട് നീങ്ങുന്നത്.പഠിക്കാന്‍ പഠിപ്പിക്കലാണ് ശരിയായ പഠിപ്പിക്കലെന്നും അതിന് ആദ്യം അധ്യാപകന്‍ പഠിക്കാന്‍ പഠിക്കണമെന്നും ആണ് ടീച്ചറുടെ അടിസ്ഥാന സിദ്ധാന്തം. ലോകമാസകലം അധ്യാപകന് പറയാനുള്ളത് ഒരേ പരാതികളത്രെ.        ഒരു അധ്യാപകകൂട്ടായ്മയില്‍ ഈ അധ്യാപികയോട് മറ്റുള്ളവര്‍ പറയുന്ന പരാതികള്‍ നോക്കുക.'കുട്ടികള്‍ ശ്രദ്ധിക്കുന്നില്ല','ഞാന്‍ കഠിനാദ്ധ്വാനം ചെയ്യുന്നു ആരും ശ്രദ്ധിക്കുന്നില്ല',   'കുട്ടികള്‍ക്ക് അച്ചടക്കമില്ല', ' വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗസ്ഥദുഷ് പ്രഭുത്ത്വം' ,'പൊതുജനങ്ങള്‍ക്കിടയില്‍ അധ്യാപകവൃത്തിക്ക് വിലയില്ല..........'ഇങ്ങനെ പോകുന്നു ആ പരിഭവങ്ങള്‍.നിലനില്‍ക്കുന്ന ബഹ്യപരിസ്ഥിതിയെ മാറ്റുന്നതിലും എളുപ്പം ആന്തരപരിസ്ഥിതിയിലും മനസ്ഥിതിയിലും മാറ്റം വരുത്തുന്നതാണ് എളുപ്പം എന്നും അതാണ് ഏറെ പ്രായോഗികമെന്നും അധ്യാപിക ചൂണ്ടികാണിക്കുന്നു.അങ്ങനെ ചെയ്യുന്നത് ഉള്ളിലുള്ള സമ്മര്‍ദ്ദം ഒഴിവാക്കി തൊഴിലിനോട് ഭാവാത്മക മനോഭാവം കെട്ടിപ്പടുക്കാന്‍ സഹായിക്കും.പഠനത്തോടുള്ള താല്‍പര്യവും സ്നേഹവും കണ്ടെത്തി പോഷിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.വിദ്യാഭ്യാസ മനശ്ശാസ്ത്രത്തിലെ അടിസ്ഥാനാശയങ്ങളെ  തങ്ങളുടെ ഒരു മിനിട്ടു തന്ത്രങ്ങളിലേക്ക് വിളക്കിചേര്‍ക്കുകയാണ് ലേഖകര്‍ ചെയ്യുന്നത്.   നിരവധി ഉദാഹരണങ്ങളും യഥാര്‍ത്ഥ ജീവിതചിത്രങ്ങളും നല്‍കിയിരിക്കുന്നത് പുസ്തകത്തിന്റെ പരായണക്ഷമത വര്‍ദ്ധിപ്പിക്കുന്നു.
              
         ഒറ്റമിനുട്ട് കൊണ്ട് എല്ലാവര്‍ക്കും ചെയ്യാവുന്ന മൂന്ന കാര്യങ്ങളെചുറ്റിപ്പറ്റിയാണ്   ഈ അധ്യാപിക തന്റെ സിദ്ധാന്തം നടപ്പിലാക്കുന്നത്.ഇവ വ്യക്തമായി പെട്ടെന്ന് വായിക്കാവുന്ന രീതിയില്‍ കുറിച്ചുവെക്കുകയും വേണം.ഒന്നാമത്തേത് തന്റെ ലക്ഷ്യത്തെക്കുറിച്ച് ശാന്തമായി ആലോചിച്ച് ​​എഴുതിവെക്കുക എന്നതാണ്.പ്രവര്‍ത്തിയും പെരുമാറ്റവും ലക്ഷ്യപൂര്‍ത്തീകരണത്തിന് യോജിച്ചതാണോ എന്ന് ഇടയ്ക്കിടെ വിചിന്തനം നടത്തുക.മാറ്റം ഇവിടെ തുടങ്ങുന്നു.

             എല്ലാ ചിന്തകരും ഊന്നിപ്പറയുന്ന സ്വയം പുകഴ്ത്തലിനാണ് രണ്ടാമത്തെ മിനിട്ട്. അംഗീകാരവും അഭിനന്ദനവും ഏവരും ആഗ്രഹിക്കുന്നു.അത് കൂടുതല്‍ മെച്ചപ്പെടാനും മുന്നേറാനും സഹായിക്കുന്നു.മറ്റുള്ളവരില്‍ നിന്നും അതു നേടണമെങ്കില്‍ ആദ്യം സ്വയം അംഗീകരിക്കണം .നാം ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഇടയ്ക്കിടെ വിലയിരുത്തി ചെയ്തകാര്യങ്ങളെ - അവ എത്ര ചെറുതായാല്‍പ്പോലും,അഭിനന്ദിച്ചുകൊണ്ടിരിക്കുക എന്നത് തുടര്‍ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു.ഇക്കാര്യം പഠനത്തിനും പഠിപ്പിക്കലിനും ഒരുപോലെ ബാധകം.
മൂന്നാമത്തെ മിനുട്ടില്‍ ചെയ്യാനുള്ളത് സ്വയം വിലയിരുത്തലാണ്.ഇവിടെ നിശ്ചയിച്ച പാതയില്‍ നിന്നുള്ള വ്യതിചലനം തിരിച്ചറിയുകയാനും തിരുത്തിമുന്നോട്ട് പോകാനും ഉള്ളഅവസരം ലഭിക്കുന്നു.തെറ്റുചെയ്യുന്ന ഞാനല്ല ശരിയായ ഞാനെന്നും താന്‍ ഏറെ മികച്ചവനാണ് എന്നും ഉള്ള ബോധ്യം ആവേശം നിലനിര്‍ത്തുകയും ലക്ഷ്യപ്രാപ്തി എളുപ്പത്തിലാക്കുകയും ചെയ്യുന്നു. സ്വന്തം കഴിവുകളിലുള്ള അഭിമാനം കൂടുതല്‍ പഠിക്കാന്‍ സഹായിക്കും എന്നത് അവിതര്‍ക്കിതമായ സത്യം.
    ഇവയിലൊക്കെ പുതുമ കുറവായിരിക്കാം.പക്ഷെ തന്റെ കാഴ്ചപ്പാടുകളെ ക്ലാസ്സുമുറികളിലെ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധിപ്പിച്ച് ചര്‍ച്ച ചെയ്യുന്നു എന്നതാണ് പ്രത്യേകത. ഒരേ നിലവാരത്തിലുള്ള കുട്ടികളെ വേര്‍തിരിച്ച് രണ്ട് വിഭാഗങ്ങളിലാക്കി.ഒന്ന് മെച്ചപ്പെട്ടതെന്നും രണ്ടാമത്തേത് പിന്നോക്കമെന്നും പറഞ്ഞ് അധ്യാപകരെ ഏല്‍പ്പിച്ചു.വര്‍ഷാവസാനം ഒന്നാമത്തെ ഗ്രൂപ്പ് ഉയര്‍ന്ന നിലവാരം നേടിയപ്പോള്‍ പിന്നോക്കമെന്ന് മുദ്രകുത്തപ്പെട്ടവര്‍ ഏറെ പിന്നിലായി.  ഒരിക്കല്‍ പിന്നോക്കമെന്ന് തരം തിരിക്കപ്പെട്ടവര്‍ ഒരിക്കലും തിരിച്ചുവരാത്ത അവസ്ഥ.സൈദ്ധാന്തികമായി ഏറെ മാറിയെന്ന് അവകാശപ്പെടുമ്പോഴും 'ശിക്ഷ'യും 'സര്‍വ്വശിക്ഷ'യുംഇന്നും പ്രായോഗികമായി ക്ലാസ്സുമുറികളില്‍ നിലനില്‍ക്കുന്നു.വിദ്യാഭ്യാസവകുപ്പിന്   ഓരോ അധ്യയനവര്‍ഷത്തിലും ശാരീരികശിക്ഷകള്‍ പാടില്ലെന്ന്  (മാനസിക ശിക്ഷകള്‍ ആവാം!)പല കുറി ഉത്തരവിറക്കേണ്ടി വരുന്നു.എല്‍.കെ.ജി,യു.കെ.ജി ക്ലാസ്സുകളിലുള്‍പ്പെടെ കുട്ടികളെ തരംതിരിക്കലും മോശക്കാരാക്കലും അഭംഗുരം തുടരുന്നു.അധ്യാപകന്റെ ഭാഗത്തുനിന്നുള്ള ചെരിയൊരു നല്ല അഭിപ്രായം പോലും കുട്ടികളില്‍ തങ്ങളെപ്പറ്റി സൃഷ്ടിക്കുന്ന മതിപ്പ് അല്‍ഭുതാവഹമത്രെ.ഓരോ ടേമുകളുടെയും അവസാനം കുട്ടികളില്‍ നിന്ന് (പുതിയ നിയമം പറയുന്നതു പോലെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളില്‍  നിന്നല്ല!)തന്റെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വാങ്ങുന്ന അധ്യാപിക അത് തന്റെ ഭാവിയിലേക്കുള്ള ആസൂത്രണത്തിനും മെച്ചപ്പെടുത്തലിനും ഉപയോഗിക്കുന്നു.പഠനാസൂത്രണത്തിന് ഉപയോഗിക്കുന്ന ടീച്ചിംഗ് മാനുവല്‍ തന്റെ കുട്ടികളെ മുന്‍കൂട്ടികാണിച്ച് തന്റെ    ലക്ഷ്യങ്ങളെക്കുറിച്ചും ഒപ്പം മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തുന്നു അധ്യാപിക. മേലധികാരിക്ക് തുല്യം ചാര്‍ത്തുന്നതിന് മാത്രമാണ് ടീച്ചിംഗ് മാനുവലെന്ന് മനസ്സിലാക്കിയവരാണല്ലോ ( ബോധ്യം വന്നവരും) നമ്മള്‍.

            ഏതൊരു രാജ്യത്തിന്റെയും ഭാവിരൂപപ്പെടുന്നത് ക്ലാസ്സുമുറികളിലാണെന്നത് ഏറെ കേട്ടുമടുത്തതാണ്.അങ്ങിനെ വരുമ്പോള്‍ ക്ലാസ്സ് മുറികളെ കരുപിടിപ്പിക്കുന്ന അധ്യാപകസമൂഹം എങ്ങിനെ ചിന്തിക്കുന്നു,എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നത് ഏറെ ചിന്തനീയം.     രാഷ്ടീയ സാമുദായിക സാമ്പത്തിക താല്പര്യങ്ങള്‍ അരങ്ങുവാഴുന്ന ഇവിടെ നടക്കേണ്ട പ്രഥമ കാര്യം അധ്യാപകപുനര്‍നിര്‍മ്മാണമാണ്. പുതിയ വിദ്യാഭ്യാസനിയമം ഇവിടെ എന്താണു ചെയ്യാന്‍ പോകുന്നത് എന്നു കാത്തിരുന്നു കാണാം.സ്വയം വലുതാവാനും കുട്ടികളെ വലുതാക്കാനും സ്വപ്നം കാണുന്ന അധ്യാപകന് ചില നൂതന ചിന്തകള്‍ക്കുള്ള മിന്നലാട്ടങ്ങള്‍ ഈ പുസ്തകം നല്‍കിയേക്കാം.